കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 2 റോഡുകളുടെ നവീകരണത്തിനായി 8.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. അടിവാട് – കൂറ്റംവേലി റോഡിന് 5 കോടി രൂപയും,നങ്ങേലിപ്പടി – ചെറുവട്ടൂർ – പായിപ്ര (314 കോളനി) റോഡിന് 3.5 കോടി രൂപയും അടക്കമാണ് 8.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത്. ഗവൺമെൻ്റ് സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് (ജി)വകുപ്പിൽ നിന്നും ജി.ഒ. ആർ.പി. നമ്പർ 772/2020 പി ഡബ്ല്യൂഡി ഉത്തരവ് പ്രകാരമാണ് 2 റോഡുകളുടേയും നവീകരണത്തിനായുള്ള ഭരണാനുമതി ലഭിച്ചത്. പല്ലാരിമംഗലം പഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന ഏറ്റവും പ്രധാന റോഡുകളിലൊന്നായ അടിവാട് – കൂറ്റംവേലി റോഡ് 5 കോടി രൂപ മുടക്കി ബി എം ബി സി നിലവാരത്തിലാണ് നവീകരിക്കുന്നത്.
റോഡ് നവീകരണത്തിൻ്റെ ഭാഗമായി ആവശ്യമുള്ള സ്ഥലങ്ങളിൽ ടൈൽ വിരിച്ചും,കാനകൾ നിർമ്മിച്ചും,റോഡിൻ്റെ സൈഡ് കെട്ടിയും,സൈൻ ബോർഡുകൾ അടക്കം സ്ഥാപിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.നങ്ങേലിപ്പടി – ചെറുവട്ടൂർ – പായിപ്ര (314 കോളനി) റോഡ് ബി എം ബി സി നിലവാരത്തിൽ 3.5 കോടി രൂപ മുടക്കിയാണ് നവീകരിക്കുന്നത്. നവീകരണത്തിൻ്റെ ഭാഗമായി കാനകളും,കലുങ്കുകളും നിർമ്മിച്ചും,റോഡിൻ്റെ സൈഡ് കെട്ടിയും, സൈൻ ബോർഡുകൾ അടക്കം സ്ഥാപിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.പ്രസ്തുത പ്രവർത്തികളുടെ സാങ്കേതിക അനുമതി ലഭ്യമാക്കി വേഗത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ അറിയിച്ചു.