കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ വടാട്ടുപാറ കരയിൽ പലവൻപടി,പാർട്ടി ആഫീസ് പടി,റോക്ക് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ 500 ഓളം കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യത്യസ്ഥകൾക്ക് വിധേയമായി പതിച്ച് നല്കുന്നതിനു വേണ്ട നടപടി ക്രമങ്ങൾ ആരംഭിക്കുവാൻ ജില്ലാ കളക്ടറുടെ ഉത്തരവായതും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പ്രസ്തുത സ്ഥലങ്ങൾ വന ഭൂമി ആണെന്നുള്ളതായിരുന്നു പട്ടയം നല്കുന്നതിന് തടസ്സം നിന്നിരുന്നത്. എന്നാൽ പ്രസ്തുത പ്രദേശങ്ങൾ വനം വകുപ്പ് ജണ്ടയ്ക്ക് പുറമെ കിടക്കുന്നതും ബി ടി ആർ പ്രകാരം സർക്കാർ എന്ന് ചേർത്തിരിക്കുന്നതും 1970 ന് മുൻപ് മുതൽ തന്നെ ടി സ്ഥലങ്ങൾ നാളത് കൈവശക്കാരുടേയോ മുൻഗാമികളുടേയോ കൈവശത്തിൽ ഇരിക്കുന്നതുമായ സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിട്ടിട്ടുള്ളത്. ഉടൻ തന്നെ റവന്യൂ അധികൃതർ ഭൂമി അളവ് അടക്കമുള്ള ഇതിനാവശ്യമായ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും,കൈവശ ഭൂമിയ്ക്ക് പട്ടയമെന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് നിറവേറുന്നതെന്നും എം എൽ എ പറഞ്ഞു.
