പെരുമ്പാവൂർ : ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന മലമുറി വളയൻചിറങ്ങര റോഡിന്റെ നവീകരണ പ്രവൃത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സംസ്ഥാന ബജറ്റിലേക്ക് നിർദ്ദേശിച്ചതിനെ തുടർന്നാണ് പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചത്. മണ്ഡലത്തിലെ പ്രധാന റോഡായ ഇവിടെ 2.600 കിലോമീറ്റർ ദൂരത്തിലും 5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്തു നവീകരിക്കുന്നത്. റോഡ് ലൈനിങ് ചെയ്തും രാത്രി യാത്രികർക്ക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി സഹായകരമാകുന്ന രീതിയിൽ റിഫ്ലേക്ടറുകളും ദിശാ സൂചികകളും ഇവിടെ സ്ഥാപിക്കും. കൂടാതെ കലുങ്കുകളും അനുബന്ധമായി കാനയും നിർമ്മിക്കുന്നതിന് പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ വിനിയോഗിച്ചു ടൈൽ വിരിക്കുന്ന പ്രവൃത്തി ഇവിടെ മുൻപ് പൂർത്തികരിച്ചിരുന്നു. കാനകളും കലുങ്കുകളും നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. മഴ മാറിയാൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്തു നവീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ വർഗീസ്, എൽദോ മാത്യൂ, ഐസക് തുരുത്തിയിൽ, മുൻ പ്രസിഡന്റ് ജോയി പൂണേലിൽ, കെ.വി ജെയ്‌സൺ, ചെറിയാൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.