കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിച്ചു. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ 335-മത് ഓർമ പെരുന്നാളാണ് 2020 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ നടക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ നിയന്ത്രണം പാലിച്ചു കൊണ്ട് പെരുന്നാൾ നടത്തുന്നതിന് പള്ളി ഭരണ സമിതി തീരുമാനിച്ചു. സെപ്റ്റംബർ 25 ന് രാവിലെ നടക്കുന്ന വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തുന്നതോടെ പെരുന്നാൾ ആരംഭിക്കും. എല്ലാ ദിവസവും വി. കുർബാനയും,സന്ധ്യ പ്രാർത്ഥനയും ഉണ്ടാകും. ഒക്ടോബർ 4 ന് വൈകിട്ട് കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനർ, തന്നാണ്ടു ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും, ട്രസ്റ്റിമാരായ ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, ജോൺസൻ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും പ്രവർത്തനം തുടങ്ങി.