കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പുതിയ ഓഡിറ്റോറിയം നിർമ്മിക്കുവാൻ 25 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 3500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 800ലധികം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് 25 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ മുകൾ നിലയിൽ ആണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.
