മൂവാറ്റുപുഴ: പിതാവിനെയും മാതാവിനെയും വെട്ടി കൊന്ന മകന് ജീവപര്യന്തം കഠിന തടവിനും 50000- രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര മാടപ്പുറം വീട്ടിൽ പത്മനാഭൻ (69) ഭാര്യ തിലോത്തമ (66) എന്നിവരെ വീട്ടിലിട്ട് വെട്ടി കൊന്ന ഇവരുടെ ഇളയ മകൻ ഷൈൻ കുമാർ (44) നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം കഠിന തടവിനും, അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം 6 മാസം കൂടി തടവിനും ശിക്ഷിച്ചു. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ. പ്രഭാകരനാണ് വിധി പ്രസ്താവിച്ചത്. 30.9. 2015 വൈകിട്ട് 5.10 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല ചെയ്യപ്പെട്ട പത്മനാഭൻ്റെയും തിലോത്തമ യുടെയും ഇളയ മകനായ ഷൈൻ കുമാർ ആവശ്യപ്പെട്ട പണം നൽകാത്തതിനാണ് പത്മനാഭൻ്റെ കഴുത്തിലും തലയിലും വാക്കത്തി കൊണ്ട് വെട്ടി കൊന്നത്. ഭർത്താവിനെ വെട്ടി കൊല്ലുന്നത് കണ്ട് ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ തിലോത്തമയെ പുറകെ ഓടി സമീപത്തുള്ള പലചരക്ക് കടയ്ക്ക് സമീപത്ത് വച്ച് വാക്കത്തി കൊണ്ട് തലയിൽ നിരവധി തവണ വെട്ടി കൊല്ലുകയായിരുന്നു.
പ്രോസിക്യുഷൻ 15 സാക്ഷികളേയും, 27 രേഖകളും 11 തൊണ്ടി മുതലുകളും ഹാജരാക്കി.3 ദൃക്സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.പ്രതി ഭാഗം 4 സാക്ഷികളെ ഹാജരാക്കി. മാനസിക ചികിത്സ നടത്തിക്കൊണ്ടിരിക്കുവാണെന പ്രതിഭാഗം തെളിവ് കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: അഭിലാഷ് മധു ഹാജരായി. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് പെരുമ്പാവൂർ സി.ഐ.ആയിരുന്ന സമയത്താണ് കേസന്വേഷണം നടത്തിയതും പ്രതിക്കെതിരെ കുറ്റപ്പത്രം കോടതിയിൽ സമർപ്പിച്ചതും.