പെരുമ്പാവൂർ: ക്ഷീരകർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന സഹായനിധി പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ കാലിത്തീറ്റ സബ്സിഡി വിതരണം ആരംഭിച്ചു. നിയോജക മണ്ഡലം തല ഉദ്ഘാടനം കുറുപ്പംപടി മിൽമ സംഘം പ്രസിഡൻ്റ് സേതുമാധവൻ കർത്തയുടെ വസതിയിൽ വച്ച് എൽദോസ് കുന്നപ്പിളളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്കിൽ പ്രവർത്തിക്കുന്ന 30 ക്ഷീരോത്പാദക സംഘങ്ങളിൽ ഈ വർഷം ഏപ്രിൽ മാസം പാൽ അളന്ന 1370 ക്ഷീര കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം 10 ലിറ്ററിന് താഴെ പാൽ അളന്നവർക്ക് 400 രൂപയും, 10 മുതൽ 20 ലിറ്റർ വരെ പാൽ അളന്നവർക്ക് 1200 രൂപയും 20 ലിറ്ററിന് മുകളിൽ പാൽ അളന്നവർക്ക് 2000 രൂപയും കാലിത്തീറ്റ വാങ്ങുമ്പോൾ സബ്സിഡിയായി ലഭിക്കുന്ന പദ്ധതിയിലൂടെ കൂവപ്പടി ബ്ലോക്കിൻ്റെ പരിധിയിൽ 1370 ക്ഷീരകർഷകർക്ക് സഹായം ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ക്ഷീര വികസന ഓഫീസർ റഫീന ബീവി, ഈസ്റ്റ് ഐമുറി ക്ഷീര സംഘം പ്രസിഡൻ്റ് കെ പി വർഗീസ്, സേതുമാധവൻ കർത്ത എന്നിവർ പ്രസംഗിച്ചു.