പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മൂന്ന് ഡോക്ടർമാരുടെ മുറികൾ, അത്യാഹിത മുറി, ഫർമസി സൗകര്യം, സ്റ്റോർ, ലബോറട്ടറി, റിസപ്‌ഷൻ, ഡ്രസ്സിംഗ് മുറി, നാല് ശുചിമുറികൾ, എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷമാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന മുടക്കുഴ ആശുപത്രിയെ കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയത്. മുടക്കുഴ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന മുടക്കുഴ ആശുപത്രിയിൽ ശരാശരി ഇരുനൂറ്റിയറുപതോളം രോഗികൾ ദിനം പ്രതി ചികിത്സയ്ക്കായി എത്തുന്നുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.