കോതമംഗലം : നാട്ടിൻ പുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇൻ്റർനെറ്റ് ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിച്ചു വരികയാണെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കോതമംഗലം താലൂക്കിൽ 115 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതിയുടെ കേബിൾ വലിക്കുന്നത്.കോതമംഗലം മുൻസിപ്പാലിറ്റിയിലും,നെല്ലിക്കുഴി, വാരപ്പെട്ടി,പിണ്ടിമന,കോട്ടപ്പടി, കവളങ്ങാട്,കുട്ടമ്പുഴ പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങളിലായി 50 കിലോമീറ്റർ ദൂരം കേബിൾ വലിച്ചു കഴിഞ്ഞു.ബാക്കി പ്രദേശങ്ങളിൽ കേബിൾ വലിക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.
കോതമംഗലം ടൗൺ ഏരിയയിൽ 48 പെയർ ഫൈബർ കേബിൾ ആണ് വലിക്കുന്നത്.ആദ്യഘട്ടത്തിൽ ഗവൺമെൻ്റ് ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ,അക്ഷയ കേന്ദ്രങ്ങൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.തുടർന്ന് ഗ്രാമ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിക്കും. ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകുന്ന കെ ഫോൺ പദ്ധതി ഡിസംബറോടെ പൂർത്തീകരിക്കുമെന്നും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.