കോതമംഗലം :- കോതമംഗലം താലൂക്കിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.ഇതിനായി 280/11 പ്രകാരം നിലവിലുണ്ടായിരുന്ന ഉത്തരവ് ഭേതഗതി വരുത്തി പുതിയ ഉത്തരവിറങ്ങിയതായും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങളിൽ വിവിധ സമയങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽട്രാക്ട് മേഖലയിൽ 4 ഏക്കർ വരെയും കാർഷിക ആവശ്യങ്ങൾക്ക് പതിച്ച് നൽകാവുന്ന സാഹചര്യമാണെങ്കിലും ഭവന നിർമ്മാണത്തിനു ആവശ്യമായ 15 സെന്റ് ഭൂമി മാത്രമെ ഇപ്പോൾ 280/11 ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പതിച്ച് നല്കി വരുന്നുള്ളൂ. ഇതിനു പരിഹാരമായി റവന്യൂ (U) വകുപ്പ് 19-06-2020 ൽ പുറത്തിറക്കിയ 163/2020 /റവ: എന്ന പുതിയ ക്ലാരിഫിക്കേഷൻ ഉത്തരവ് പ്രകാരം 27-07-2011 ന് മുൻപ് ഭൂമി കൈവശം വച്ച് അനുഭവിച്ച് വരുന്നവർ കാർഷിക ആവശ്യത്തിനായി ഭൂമി പതിച്ച് കൂടുന്നതിന് അപേക്ഷ സമർപ്പിക്കുന്ന സാഹചര്യത്തിൽ 280/11 ഉത്തരവിലെ വ്യവസ്ഥകൾ ബാധകമാക്കേണ്ടതില്ല എന്നും 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന പതിച്ച് നല്കാവുന്ന ഭൂമിയുടെ പരിധി ബാധകമാക്കിക്കൊണ്ടായിരിക്കണം അപ്രകാരമുള്ള അപേക്ഷകൾ തീർപ്പാക്കേണ്ടതും എന്ന നിർദ്ദേശം നല്കിക്കൊണ്ടാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
ഈ വിഷയം നിരവധി തവണ നിവേദനങ്ങളായി സർക്കാരിൻ്റേയും,ചോദ്യങ്ങളും, സബ്മിഷനുകളുമായി നിയമസഭയ്ക്ക് മുമ്പാകെയും കൊണ്ടു വന്നിരുന്നു.താലൂക്കിൽ പട്ടയ നടപടികളുടെ ഭാഗമായുള്ള സർവ്വേ നടപടികൾ ജനുവരി മാസം മുതൽ ആരംഭിച്ചെങ്കിലും 280 /11 പ്രകാരമുള്ള ഉത്തരവ് പ്രകാരം 15 സെൻ്റിൽ കൂടുതൽ പട്ടയം അനുവദിക്കുവാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്.പുതിയ ഭേതഗതി ഉത്തരവ് ഇറങ്ങിയതോടെ താലൂക്കിൽ വർഷങ്ങളായി നിലനിന്നിരുന്ന പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമായതെന്നും,താലൂക്കിലെ വിവിധ വില്ലേജുകളിലായി ആയിരക്കണക്കിന് വരുന്ന കർഷകർക്ക് ഇതിൻ്റെ ആനുകൂല്യം ലഭ്യമാകുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട് താലൂക്കിൽ നടന്നു വരുന്ന സർവ്വേ നടപടികൾ പൂർത്തീകരിച്ച് പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.