മൂവാറ്റുപുഴ: തോട്ടുങ്കല്‍ പീടിക പാടശേഖരത്തിന്റെ നവീകരണത്തിന് കൃഷി വകുപ്പില്‍ നിന്നും രാഷ്ട്രീയ കൃഷി വിജ്ഞാന്‍ യോചന പദ്ധതി പ്രകാരം 1.99 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ 15-ാം വാര്‍ഡിലെ 75-ഏക്കറോളം വരുന്ന തോട്ടുങ്കല്‍ പാടശേഖരത്തില്‍ കൃഷിയ്ക്ക് അനുയോജ്യമായ രീതിയില്‍ വിവിധ പ്രവര്‍ത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. കൃഷിയ്ക്കാവശ്യമായ ജലം സംഭരിക്കുന്നതിന് കുളം കെട്ടി സംരക്ഷിക്കുന്നതിനും പാടത്തിന് സമീപത്തുകൂടിയുള്ള തോടിന്റെ ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കലും കൃഷി ആവശ്യത്തിനും മറ്റ് ഉപയോഗങ്ങള്‍ക്കും വാഹനങ്ങള്‍ ഇറക്കുന്നതിനുള്ള റാമ്പ് കെട്ടല്‍ അടയ്ക്കമുള്ള പ്രവര്‍ത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
കേരള ലാന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. നിലവില്‍ നെല്‍കൃഷിയും മറ്റ് കൃഷികളും ചെയ്യുന്ന പാടത്ത് തരിശായി കിടക്കുന്ന സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന് പദ്ധതി നടപ്പാക്കുന്നതോടെ സാധിക്കും. ഇടതുകര കനാലിലൂടെ വെള്ളമെത്തുന്നതിനാല്‍ വേനല്‍കാലത്തും പാടശേഖരം ജലസമൃദ്ധമാണ്. എല്‍ദോ എബ്രഹാം എം.എല്‍.എ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജക മണ്ഡലത്തില്‍ തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയിറക്കുന്ന പദ്ധതിയില്‍ നിയോജക മണ്ഡലത്തില്‍ കൃഷി ഇറക്കാന്‍ കഴിയാതെ കിടക്കുന്ന പാടശേഖരങ്ങള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉമാമത്ത് സലീം, രാജി ദിലീപ്, കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, പി.പി.നിഷ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് എസ്.എ.നാദിയ, കര്‍ഷക പ്രതിനിധികളായ ജോര്‍ജ് പുളിയ്ക്കകുടി, എസ്.സത്യപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ തോട്ടുങ്കല്‍ പീടിക പാടശേഖരത്ത് സന്ദര്‍ശനം നടത്തി.