കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ജൂലൈയിൽ പൂർണ്ണ പ്രവർത്തന സജ്ജമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഇതിനു മുന്നോടിയായി താലൂക്ക് ഓഫീസിൽ വച്ച് അവലോകന യോഗം ചേർന്നു. ആദ്യഘട്ടം എന്ന നിലയിൽ താലൂക്ക് ഓഫീസ് ഉൾപ്പെടെ 9 ഓഫീസുകൾ ലോകസഭ തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷം അവശേഷിക്കുന്ന നിലകളിലേക്കുള്ള റൂമുകളുടെ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇത്തരത്തിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയാണ് മിനി സിവിൽ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കുന്നത്.
ഇനി ജോയിൻ്റ് ആർ റ്റി ഒ ഓഫീസ്,ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,ശിശുവികസന പദ്ധതി ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,സ്കൗട്ട് & ഗൈഡ്,പി ഡബ്ല്യൂ ഡി റോഡ്സ് വിഭാഗം പോത്താനിക്കാട് എന്നീ പതിനൊന്ന് ഓഫീസുകളാണ് ജൂലൈ മാസത്തോടെ ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. മുടങ്ങിക്കിടന്നിരുന്ന മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം ഈ ഗവൺമെൻ്റ് വന്ന ശേഷമാണ് നിർമ്മാണം പുനരാരംഭിച്ചതും,മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചതും.മിനി സിവിൽ സ്റ്റേഷന്റെ മുടങ്ങിക്കിടന്നിരുന്ന പ്രവർത്തികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഐറ്റം റിവൈസിനു വേണ്ടി റിവൈസഡ് എസ്റ്റിമേറ്റ് തയ്യാറാക്കി 3.9 കോടി രൂപയുടെ അംഗീകാരം ലഭ്യമാക്കിയാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചതും 9 ഓഫീസുകൾ ലോകസഭാ തെരെഞ്ഞെടുപ്പിന് മുൻപ് പ്രവർത്തനമാരംഭിച്ചതും.
ഈ സർക്കാരിന്റെ കാലത്ത് ആദ്യമായിട്ടായിരുന്നു ഐറ്റം റിവൈസിനു അംഗീകാരം ലഭിച്ചത്.ഇതിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളും പ്രവർത്തിക്കാൻ ആവശ്യമായ സ്പേയ്സ് അലോട്ട്മെന്റും,അതിൻ്റെ ഭാഗമായി ക്യാബിനുകളും അടക്കമുള്ള സൗകര്യങ്ങളാണ് പൂർത്തീകരിച്ചത്. തുടർന്ന് മിനി സിവിൽ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായി കോമ്പൗണ്ട് വാൾ,വാട്ടർ കണക്ഷൻ,പാർക്കിങ്ങ് ഷെഡുകൾ,മുൻസിപ്പൽ റോഡിൻ്റെ സൈഡ് കോൺക്രീറ്റിങ്ങ്,മുറ്റം ടൈൽ വിരിക്കൽ,മിനി സിവിൽ സ്റ്റേഷൻ കമാനം,തുടങ്ങിയ പ്രവർത്തികൾക്കായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ അനുവദിച്ച് പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു.
7 നിലകളുള്ള മിനി സിവിൽ സ്റ്റേഷനിൽ ഓഫീസുകൾക്കു പുറമേ കോൺഫറൻസ് ഹാളും,റീഡിങ്ങ് & റീ ക്രിയേഷൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തുടർനടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങുവാൻ തീരുമാനമായി.തഹസീൽദാർമാരായ റേച്ചൽ കെ വർഗ്ഗീസ്,സുനിൽ മാത്യു,മിനി സിവിൽ സ്റ്റേഷനിലേക്ക് ഇനി മാറേണ്ടതായുള്ള ഓഫീസ് മേധാവികൾ,കെ എസ് ഇ ബി മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.