- ഷാനു പൗലോസ്
കോതമംഗലം : ദൈവം യാക്കോബായ സുറിയാനി സഭയ്ക്കായി കൈ പിടിച്ചുയർത്തിയ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തൊണ്ണൂറ്റി നാലാം ജന്മദിനത്തിന്റെ നിറവിൽ.
സുറിയാനി സഭയുടെ ആത്മീയാധികാര ശ്രേണിയിലെ രണ്ടാമൻ. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സ്ഥാനാരോഹണത്തിന് മുഖ്യ കാർമികത്വം വഹിക്കേണ്ട മഹാപുരോഹിതൻ- വളരെ ആദരവോടെ അന്ത്യോഖ്യാ സിംഹാസനം മലങ്കരയുടെ യാക്കോബ് ബുർദ്ദോനോയെന്ന് വിളിച്ച, കിഴക്കിന്റെ കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെന്ന “എളിമയുടെ തെളിമ” അത്രയേറെ പ്രകാശ പൂരിതമാണ്.
ബാവാ തിരുമേനി തൊണ്ണൂറ്റി നാലാം വയസ്സിലെത്തി നിൽക്കുമ്പോൾ ഭാരതത്തിലുള്ള ക്രൈസ്തവ സഭകളിലെ ഏറ്റവും പ്രായമുള്ള മഹാപുരോഹിത സ്ഥാനത്ത് കൂടിയാണ് സുറിയാനി സഭയുടെ വലിയ ഇടയന്റെ സ്ഥാനം. പ്രായത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ഓർമ്മിക്കാതെ, രാവോ പകലോ നോക്കാതെ ദൂരങ്ങളിൽ നിന്ന് ദൂരങ്ങളിലേക്ക് യാത്ര ചെയ്ത് വിശ്വാസികൾക്കിടയിൽ ജീവിക്കുന്നത് തന്റെ ഇടയ ശുശ്രൂഷ ജനത്തിന് വേണ്ടിയാണെന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ്.
തർക്കങ്ങളിലും, വ്യവഹാരങ്ങളിലും ആടിയുലഞ്ഞ സഭാ നൗക തകർന്ന് പോയിയെന്ന് എല്ലാവരും കരുതിയപ്പോഴും, തളർന്ന് പോകാതെ പ്രാർത്ഥന മാത്രം ആയുധമാക്കി സഭാ വിശ്വാസികൾക്ക് കരുത്തേകിയ ഈ മഹാപുരോഹിതൻ യാക്കോബായ സഭയ്ക്ക് പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള ഊർജ്ജമാണ്.
മറ്റ് മത പുരോഹിതർക്ക് പോലും മാതൃകയായ ദൈവീക വഴിയിലെ ജീവിതാനുഭവങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. വാർദ്ധക്യത്തെ മറന്ന് യാക്കോബായ സുറിയാനി സഭയിൽ ഇടയത്വ ശുശ്രൂഷ നിർവ്വഹിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജന്മദിനത്തിൽ ആയുരാരോഗ്യത്തിനായി സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.