കോതമംഗലം: യാക്കോബായ സഭയുടെ ചരിത്രമായി മാറിയ ശ്രേഷ്ഠകാതോലിക്ക ബാവയുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാർ തോമാ ചെറിയ പള്ളിയിൽ സജ്ജമാക്കിയ 101 ബലിപീഠങ്ങളിൽ(ത്രോണോസ്) പരിശുദ്ധാത്മാവ് എഴുന്നെള്ളിയെത്തിയ വിശുദ്ധ 101 മേൽ കുർബാനയുടെ ചൈതന്യത്താൽ ദൈവം സംപ്രീതനായി പതിനായിരങ്ങൾക്ക് സ്വർഗ്ഗം തുറന്ന അനുഭവമായി. സഭയിൽ അത്യപൂർവ്വമായും രണ്ടാമതായും നടന്ന വിശുദ്ധ 101ൻമേൽ കുർബാനയിൽ പങ്കെടുത്ത വിശ്വാസി സമൂഹവും ബലിയർപ്പണത്തിന് മുഖ്യകാർമികത്വം വഹിച്ച ശ്രേഷ്ഠ ബാവയും ബാവ പട്ടം നൽകിയ സഭയിലെ മെത്രാപ്പോലീത്തമാരും റമ്പാന്മാരും കോറെ പ്പിസ്കോപ്പമാരും വൈദിക ശ്രേഷ്ഠരും ഒരേ മനസ്സോടെ ദൈവസന്നിധിയിലേക്ക് യാചനാപൂർവ്വം കണ്ണുകൾ ഉയർത്തി പ്രാർത്ഥനാ നിരതരായപ്പോൾ സഭയിൽ പുതിയ ചരിത്രംകുറിക്കപ്പെടുകയായിരുന്നു. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലെ വിശുദ്ധ കബറിടം സാക്ഷിയായി 101 ബലിപീഠങ്ങളിൽ ആചാര്യ ശ്രേഷ്ഠനും സഹകാർമികരും ശുശ്രൂഷാ സഹായികളും അണിനിരന്നപ്പോൾ ആകമാന സുറിയാനി സഭയുടെ കരുത്തും ചൈതന്യവും കോതമംഗലത്ത് ഒത്തുചേർക്കപ്പെടുകയായിരുന്നു. പരിശുദ്ധ ദൈവാലയത്തിൽ സന്ധ്യാ പ്രാർത്ഥനയോടെയാണ് വിശുദ്ധ 101ന്മേൽ കുർബാനയ്ക്ക് തുടക്കം കുറിച്ചത് .
എല്ലാ വഴികളും എല്ലാ വാഹനങ്ങളും എന്തിനേറെ ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന ചെറിയ പള്ളിയിലേക്ക് ജാതി-മതഭേദമില്ലാതെ പതിനായിരങ്ങൾ ഒരേ ലക്ഷ്യത്തോടെ ഒഴുകിയെത്തിയപ്പോൾ, പരിശുദ്ധ സഭയെ കഴിഞ്ഞ അര നൂറ്റാണ്ടായി പടുത്തുയർത്തി അമരക്കാരനായി നയിക്കുന്ന മലങ്കരയുടെ ‘യാക്കോബ് ബുർദാന’ എന്നറിയപ്പെടുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവയോടു ള്ള വിശ്വാസി സമൂഹത്തിന്റെ സ്നേഹാദര പ്രകടനമായി മാറി വിശുദ്ധ നൂറ്റിയൊന്നിൻമേൽ കുർബാന.
വിശുദ്ധിയുടെ ജനസാഗരമായി മാറി ചെറിയപള്ളിയങ്കണത്തിൽ ഒത്തുചേർന്നവിശ്വാസി സമൂഹത്തിന്റെ സ്നേഹകരുത്തിൽ ഇനിയും ഏറെക്കാലം പരിശുദ്ധ സഭയെ നയിക്കാൻ ദൈവം കരുത്ത് നൽകുന്നതിനെയോർത്ത് ശ്രേഷ്ഠ ബാവ ദൈവ സന്നിധിയിൽ നന്ദി അർപ്പിച്ചു. വിശുദ്ധ 101ന്മേൽ കുർബാനയ്ക്കും ശ്രേഷ്ഠബാവയുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിആഘോഷങ്ങൾക്കും അനുഗ്രഹ കൽപ്പന നൽകിയ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്യോസ് അപ്രേംദ്വിതീയൻബാവയോടും ആശംസ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടും സത്യവിശ്വാസത്തിൽ സഭയെ നയിക്കുന്ന ശ്രേഷ്ഠ കാതോലിക്കാബാവയോടും ശ്രേഷ്ഠ ബാവയുടെ മഹാപൗരോഹിത്യസുവർണ്ണ ജൂബിലി ആഘോഷത്തോ ടനുബന്ധിച്ച് വിശുദ്ധ 101 മേൽ കുർബാനയ്ക്ക് വേദിയൊരുക്കിയ മാർത്തോമാ ചെറിയ പള്ളി നന്ദിയർപ്പിച്ചു.
ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ101ന്മേൽ കുർബാനയിൽ സഹകാർമികരായി അങ്കമാലി ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സേവ്യേറിയോസ്, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ ഇവാനിയോസ്, പെരുമ്പാവൂർ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ്മാർ അഫ്രേം, പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ ഐറേനിയോസ്, തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലീമീസ്, ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത, ഏലിയാസ് മാർ അത്തനാസിയോസ്, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, വിശുദ്ധ നാടുകളുടെ മെത്രാപ്പോലീത്ത മാത്യൂസ്മാർ തിമോത്തിയോസ്, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തേവോ ദിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്, മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്തേഫാനോസ്, സഭയിലെ റമ്പാൻ മാർ ,കോറെപ്പി സ്കോപ്പമാർ,വൈദികശ്രേഷ്ഠർ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.സഭയിലെ സന്യസ്തരും ശുശ്രൂഷകരും കുർബാനയിൽ ശുശ്രൂഷ സഹായികളായിരുന്നു. ബെന്നി ബഹനാൻ എം.പി,
ഡീൻ കുര്യാക്കോസ് എം.പി,എം.എൽ.എ മാരായ ആന്റണി ജോൺ, അഡ്വ. മാത്യുകുഴലനാടൻ, അഡ്വ.എൽദോസ് കുന്നപ്പള്ളി, മുൻ മന്ത്രി ടി. യു.കുരുവിള, സഭാ സെക്രട്ടറി അഡ്വ. പീറ്റർ. കെ.ഏലിയാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ്തോമസ്,മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.എം. ബഷീർ, മതമൈത്രികൺവീനർ കെ. എ.നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.എ.എം. ബഷീർ, മതമൈത്രികൺവീനർ കെ. എ.നൗഷാദ്, ഷിബു തെക്കുംപുറം തുടങ്ങിയവർ പങ്കെടുത്തു.