പെരുമ്പാവൂർ : കൂവപ്പടി ,വേങ്ങൂർ പഞ്ചായത്ത് അതിർത്തിയിലുള്ള തേക്ക് പ്ലാന്റേഷനോട് ചേർന്ന കൃഷിയിടങ്ങൾ പെരിയാർ നദികടന്നെത്തിയ കാട്ടാനകൾ നിരന്തരമായി കൃഷി നശിപ്പിക്കുന്നു. തെങ്ങ്, വാഴ, കമുക്, പൈനാപ്പിൾ, റബ്ബർ, കപ്പ, എന്നീ കൃഷികൾക്കാണ് ഏറെ നാശമുണ്ടായത് 2019 മുതൽ അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പദ്ധതി പ്രദേശമായ കപ്രിക്കാട് മുതൽ പാണംകുഴി വരെയുള്ള 4 കി.മീ നീളവും 300 മീ വീതിയുമുള്ള തേക്ക് പ്ലാന്റേഷനിൽ എത്തുന്ന കാട്ടാനകൾ തൊട്ടടുത്ത കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.കൂട്ടമായി എത്തിയ കാട്ടാനകൾ സാധാരണ വേനൽക്കാലത്താണ് എത്താറ്.എന്നാൽ ഇപ്രാവശ്യം വളരെ നേരത്തെ എത്തി. അഭയാരണ്യം പദ്ധതി പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ മറുകരയിലേക്ക് ഓടിച്ച് വിടുന്നതിനുള്ള നടപടി അടിയന്തരമായി വനം വകുപ്പ് സ്വീകരിക്കണമെന്ന് അഡ്വ. എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു.
താളിപ്പാറയിലും പാണംകുഴിയിലും കാട്ടാനകൾ ഇറങ്ങി യ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു.
ആർ.ആർ.ടി. ടീമിനൊപ്പം പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി രാത്രികാല പട്രോളിംഗ് ആരംഭിക്കുകയും കൃഷി നാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.എൽ എ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ് , വേങ്ങൂർ ഗ്രാമ പഞ്ചായത്തംഗം ആൻസി ജോബി എന്നിവർ പങ്കെടുത്തു. ഇക്കാര്യങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും 4 കി.മീ ദൂരം ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകിയതായും പ്രദേശത്തെ ജനങ്ങളെ എം എൽ എ അറിയിച്ചു.