കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടില്‍ കാട്ടാനകള്‍ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായ പുന്നേക്കാട് – തട്ടേക്കാട് റോഡിലാണ് ആനകള്‍ ദിവസങ്ങളായി ഗതാഗത തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിന് നേരെ ആനയുടെ ആക്രമണമുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പിറ്റേന്ന് അതേ സ്ഥലത്തുവച്ചുതന്നെ ആംബുലന്‍സിന്റെ പിന്നാലെ ആനകള്‍ പാഞ്ഞടുത്തെങ്കിലും അപകടത്തില്‍പ്പെടാതെ ഡ്രൈവര്‍ വാഹനം രക്ഷപ്പെടുത്തി.
ചുറ്റും ജനവാസമുള്ളതും ആകെ നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ളതുമായ പുന്നേക്കാട് പ്ലാന്റേഷനില്‍ ദിവസേന പത്തില്‍ കൂടുതല്‍ ആനകളാണ് മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍നിന്നു ഇറങ്ങിവന്ന് ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. എല്‍ടി ലൈന്‍ വലിക്കാത്തതിനാല്‍ വഴിവിളക്കുകളും ഇല്ല. ഇതിനായി 13 ലക്ഷം അനുവദിച്ചുകിടക്കുകയാണെന്ന് വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. സ്ഥായിയായ പ്രശ്‌നപരിഹാരത്തിന് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന മാവിന്‍ചുവട് ഭാഗത്ത് ഇപ്പോള്‍ തട്ടേക്കാട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ഫാ. ജോസ് ചിരപ്പറന്പില്‍, ഫാ. അരുണ്‍ വലിയത്താഴത്ത്, ഫാ. സിബി ഇടപ്പുള്ളവന്‍, ഫാം ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസ് എന്നിവര്‍ ആവശ്യപ്പെട്ടു.
