കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം. ശാന്തയും സുകുമാരനും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ആനയെ പേടിച്ച് രാത്രിയില്‍ ഏറുമാടത്തിലാണ് ഇവരുടെ താമസം.
ഞായറാഴ്ച രാവിലെ ഏറുമാടത്തില്‍ നിന്നിറങ്ങി വന്നപ്പോഴാണ് വീട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.ഈറ്റയോലയിലും മുളയിലും പണിതുയര്‍ത്തിയ ഒറ്റമുറി വീടാണ് ആനകള്‍ ഇല്ലാതാക്കിയത്. ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും നശിപ്പിച്ചു. വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി. സുനിലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പ്രദേശത്ത് സമീപകാലത്ത് ആന ശല്യം രൂക്ഷമാണ്. റോഡിലും പുരയിടത്തിലും ആനക്കൂട്ടത്തിന്റെ സാന്നിധ്യം കൂടിയത് ഊരുവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സ്ഥലത്ത് രാത്രിയും പകലും ഉരുളന്‍തണ്ണി ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ആന ശല്യം കുറയുന്നില്ലെന്നാണ് അടിക്കടി ഉണ്ടാകുന്ന ഓരോ സംഭവവും വെളിപ്പെടുത്തുന്നത്.വീടിനും മറ്റും ഉണ്ടായ നഷ്ടപരിഹാരം ലഭിക്കാന്‍ അക്ഷയകേന്ദ്രം മുഖേന അപേക്ഷ നല്‍കാനും വനപാലകര്‍ വീട്ടുകാരോട് നിര്‍ദേശിച്ചു.






















































