കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ് ഇട റോഡുകളിലും ആനകളുടെ സാന്നിദ്ധ്യമുണ്ട്. വാഹനങ്ങളും കാൽനടക്കാരും ആനയുണ്ടോ എന്ന് നോക്കി റോഡിലിറങ്ങണ്ട സ്ഥിതിയാണ്.
ഓരോ ദിവസവും നിരവധി പേരുടെ കൃഷിയിടങ്ങളാണ് ആനകൾ നശിപ്പിക്കുന്നത്. നട്ടുവളർത്തിയതെല്ലാം ആനകൾക്ക് തീറ്റയാകുകയോ ചവിട്ടിമെതിക്കപ്പെടുകയോ ചെയ്യും. കഴിഞ്ഞ രാത്രിയിലെത്തിയ ആനക്കൂട്ടം പടിപ്പാറക്ക് സമീപത്തെ റബർ തോട്ടത്തിൽ നിന്നിരുന്ന പന മറിച്ചിട്ട് തിന്നു തീർത്ത ശേഷമാണ് മടങ്ങിയത്. സമീപത്ത് കൃഷി ചെയ്തിരുന്ന വാഴയും തിന്നു. കൈയാലകൾ പല ഭാഗങ്ങളിലും തകർത്തിട്ടുണ്ട്. ആന ശല്യം പതിവായിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതിൽ ജനങ്ങൾ രോഷത്തിലാണ്.
