കോതമംഗലം : കോട്ടപ്പടി , പിണ്ടിമന പഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും യോഗം ചേർന്നു. കോതമംഗലം PWD റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. എനർജൈസർ കേടുവന്നിട്ടുണ്ടെങ്കിൽ നന്നാക്കും ചെറിയ ബാറ്ററി മാറ്റി സ്ഥാപിക്കും അങ്ങനെ സോളാർ ഫെൻസിങ്ങ് കൂടുതൽ കാര്യക്ഷമമാക്കും. ഹാങ്ങിങ് ഫെൻസിങ്, ട്രെഞ്ച്, റെയിൽ ഫെൻസിങ് തുടങ്ങിയ പരിഹാര നിർദ്ദേശങ്ങളുടെ പ്രപ്പോസൽ വനം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട് എന്ന വിവരം ഡി.എഫ്.ഒ അറിയിച്ചു.
പ്രശ്നക്കാരായ മൂന്ന് ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുമെന്നും ഡി.എഫ്.ഒ അറിയിച്ചു. വാച്ചർമാരോട് അടിയന്തിരമായി അടിക്കാടുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദ്ദേശിക്കുന്നതിനും അത് പൊതുജന പങ്കാളിത്വത്തോടെ നിർവ്വഹിക്കുന്നതിനും ധാരണയായി. നിലവിൽ രാത്രി പട്രോളിങ്ങ് നടത്തുന്ന രണ്ട് ടീമുകളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പു വരുത്തും. കൃഷിയിടത്തിലെ വിളവ് ആക്രമിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിന് ആവശ്യമായ അനുവാദത്തിനുള്ള അപേക്ഷയിൽ ഉടൻ തന്നെ നടപടി സ്വീകരിക്കും.