കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്. പുഴകള്‍ക്ക് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയി. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാലിലും അട്ടിക്കളത്തും വീടുകള്‍ക്ക് സമീപംവരെ വെള്ളമെത്തി. മഴ ശക്തമായി തുടര്‍ന്നാല്‍ വീടുകളില്‍ വെള്ളം കയറും.
തങ്കളം ജവഹര്‍ നഗര്‍ ഉള്‍പ്പടെ വെള്ളം കയറാനുള്ള സാധ്യതയുള്ള പ്രദേശങ്ങള്‍ അധികൃതര്‍ നിരീഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള യാത്ര മുടങ്ങിയതോടെ ആദിവാസി ഉന്നതികളും മണികണ്ഠന്‍ചാലും ഒറ്റപ്പെട്ടു. ബ്ലാവന കടവിലെ ജങ്കാറും നിര്‍ത്തിവച്ചിരിക്കുകയാണ്.
കോതമംഗലം പുഴയിലും കുരൂര്‍ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കുടമുണ്ട പാലത്തില്‍ വെള്ളം കയറിയത് യാത്ര ദുരിതത്തിലാക്കി. കീരന്പാറ പഞ്ചായത്തിലെ പാലമറ്റത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തിയാണ് മരം നീക്കിയത്.
നേര്യമംഗലം വില്ലാഞ്ചിറയില്‍ മരം റോഡിലേക്ക് വീണതുമൂലം ഗതാഗത തടസമുണ്ടായി. ഇവിടെ നേരിയ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നേര്യമംഗലം – അടിമാലി റോഡിലും മരം വീഴ്ചയും മണ്ണിടിച്ചിലും ഉണ്ടായി. ഈ ദിവസങ്ങളിലെ മഴക്കെടുതിയില്‍ താലൂക്കിലെ മൂന്ന് വീടുകള്‍ക്ക് ഭാഗമായി നാശനഷ്ടമുണ്ടായെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തൃക്കാരിയൂര്‍, കോട്ടപ്പടി, ഇരമല്ലൂര്‍ വില്ലേജുകളിലാണ് വീടുകള്‍ക്ക് നാശം നേരിട്ടത്.
