കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയും ഇതോടുകൂടി പഞ്ചായത്തിന്റെ കീഴിലുള്ള സബ് സെന്ററുകള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമായി. മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷ വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി. കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദീപ ഷാജു, കെ.എം.സയ്യിദ്, വാര്‍ഡ് മെമ്പര്‍മാരായ പ്രിയ സന്തോഷ്, ഷജീ ബസ്സി, പി.ആര്‍ഒ മാത്യൂസ് ജോയ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
