കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള ഐസൊലേഷൻ സെന്റർ ആണ് വാരപ്പെട്ടിയിൽ ഒരുക്കുന്നത്.കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഐസൊലേഷൻ സെന്റർ ഒരുക്കുന്നത്. കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി പുതിയ കെട്ടിടം നിർമ്മിക്കും. ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.
ഐ സി യു ബെഡ് സൗകര്യമടക്കമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്ന പുതിയ ബ്ലോക്കാണ് നിർമ്മിക്കുന്നത്. ഡോക്ടേഴ്സ് റൂം,നഴ്സസ് റൂം,എമർജൻസി പ്രൊസീജർ റൂം,മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആന്റ് കൺട്രോൾ,ഓവർ ഹെഡ് വാട്ടർ ടാങ്ക്,ഡീസൽ ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.