കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ തോപ്പുംപടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു(47) ,പി എസ് ബിജു(55) എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്നത്. ഇന്നലെ കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ ആന്റണി ജോൺ എം.എൽ.എ, തഹസിൽദാർ റേച്ചൽ കെ വര്ഗീസ് എന്നിവരുടെ നേത്രത്വത്തിൽ ഫയർ ഫോഴ്‌സും , പോലിസും , നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പലവൻ പുഴയിൽ നിന്നും ഇരുവരുടേയും മൃതദേഹം കണ്ടത്താനായത്. പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം കോതമംഗലം താലൂക്ക് ആശുപതിലേക്ക് മാറ്റി.
