കോതമംഗലം : നാഗാലാൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ 75 വയസ്സ് തികഞ്ഞതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് നിയമനം. വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 3.30-ന് ഇതു സംബന്ധിച്ച പ്രഖ്യാപനം റോമിൽ നടന്നു.
കോതമംഗലം വടാട്ടുപാറ ഇടത്തട്ടേൽ (പുൽപ്പറമ്പിൽ) പരേതരായ വർഗീസിന്റെയും അന്നക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമനായി 1970-ലാണ് ജനനം. 1999 ഏപ്രിൽ 19-ന് കൊഹിമ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. കൊഹിമ ബിഷപ്പിന്റെ സെക്രട്ടറിസ്ഥാനമടക്കം വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. മനില ഈസ്റ്റ് ഏഷ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അജപാലന ശുശ്രൂഷയിൽ ഡിപ്ലോമ നേടിയ ശേഷം ബിരുദാനന്തര ബിരുദവും ബി.എഡും പാസായി.
കിഫൈറിലെ സെയ്ന്റ് പീറ്റേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പലായും നാഗാലാൻഡ് ജാകാമായിലെ സെയ്ന്റ് ജോസഫ്‌സ് കോേളജ് അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊഹിമ രൂപതയുടെ പാസ്റ്ററൽ സെന്റർ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു. ചൈനിസ് അതിർത്തി മുതൽ ഭൂട്ടാൻ അതിർത്തി വരെയുള്ള 10 ജില്ലകൾ അടങ്ങുന്നതാണ് ഇറ്റാനഗർ രൂപത.മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.