കോതമംഗലം : കോതമംഗലത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം മാർച്ച് മാസം 10-ാം തീയതിയോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോതമംഗലത്ത് പുതുതായി പണി കഴിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണ പൂർത്തീകരണം വൈകുന്നത് എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.വർഷത്തിൽ 5000 ത്തോളം ആധാര രജിസ്ട്രേഷനും, 14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും, 4000 ത്തോളം ആധാര പകർപ്പുകളും ലഭ്യമാക്കുന്ന കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് കോംപ്ലെക്സ് വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം സബ്‌രജിസ്ട്രാർ ഓഫീസിന്റെ പെയിന്റിങ്ങ്,ഫ്ലോറിങ്ങ്,ജനാല,വാതിലുകൾ, ചുറ്റുമതിലുകളുടെ നിർമ്മാണം,റൂഫിൽ ട്രസ്സ് വർക്ക് എന്നിവ പൂർത്തിയായിട്ടുണ്ട്.പ്ലംബിങ്ങ് ജോലികൾ,ശുചി മുറികളുടെ ജോലികൾ എന്നിവ പുരോഗമിക്കുന്നു.കിണർ,കോർട്ട് യാഡിന്റെ ടൈൽ വർക്കുകൾ,ടെറസ്,ക്യാബിൻ റിക്കാർഡ് റൂമിന്റെ കോംപാക്ടർ സംവിധാനം,ലിഫ്റ്റ് സംവിധാനം എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്.പൊതു ജനങ്ങൾക്കുള്ള വാഹന പാർക്കിങ്ങ് സൗകര്യം,റാമ്പ്,ശുചി മുറികൾ,വെയ്റ്റിങ്ങ് റൂം, മുതലായ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കുന്നുണ്ട്.ഇവയിൽ റാമ്പ്,വെയ്റ്റിങ്ങ് റൂം എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
കരാറുകാരന് കോവിഡ് ബാധിച്ചതും,കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണത്തെ ബാധിച്ചതായി കരാറുകാരൻ അറിയിയിട്ടുണ്ടെന്നും 2022 മാർച്ച് മാസം 10-ാം തീയതിയോടെ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ ആന്റണി ജോൺ എം എൽ എ യെ അറിയിച്ചു.