കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ് ഗോപിയും എത്തി കുടുംബാംഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിയുകയും, കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബം എൻ ഐ എ അന്വേഷണം ആവശ്യപെടുന്നുണ്ട്, കേന്ദ്ര ഇടപെടൽ ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതിന് നിയമമുണ്ട്, എഫ്ഐആർ അടിസ്ഥാനത്തിലാണ് എൻഐഎ ഇടപെടുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. എഫ് ഐ ആർ എങ്ങനെ ആണെന്നുള്ളത് മനസ്സിലാക്കണം, ഇപ്പോൾ എഫ് ഐ ആർ അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തത് അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകിയാൽ മാത്രമേ എൻഐഎ ഇടപെടാൻ സാധിക്കുവെന്ന് മന്ത്രി പറഞ്ഞു.
എഫ് ഐ ആറിലെ വിവരങ്ങളാണ് കേന്ദ്രം ആദ്യം പരിശോധിക്കുന്നത്. പിന്നിട് ഡിജിപി ക്ക് കൂടി നൽകിയ പരാതി കൂടി പരിശോധിക്കപ്പെടും. ഇതിനു വളരെ കൃത്യമായ നിയമ നടപടിയുണ്ട്. അതിൽ നിന്നു മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കു. ഈ കാര്യത്തിൽ രാഷ്ട്രിയ ഇടപെടൽ സാധ്യമല്ല. എൻഐഎ അന്വേഷണത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലൗജിഹാദ് കേസുകളിൽ ജുഡീഷ്യറിയുടെ ഇടപെടലാണ് വേണ്ടതെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു .അതെ സമയം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.വിദ്യാർത്ഥിനിയുടെ കുടുംബത്തിന് വേണ്ട എല്ലാവിധ പിന്തുണയും, സഹായവും വീട്ടുകാർക്ക് ഉറപ്പു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
