കോതമംഗലം : കഷ്ടപ്പാടുകൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് LLB ബിരുദം നേടിയെടുത്ത് നാടിന്റെ അഭിമാനമായി മാറിയ തൃക്കാരിയൂർ സ്വദേശി സുമേഷ് ഇന്ന് ഹൈകോടതി ബാർ കൌൺസിൽ മുൻപാകെ എൻറോൾ ചെയ്ത് സത്യപ്രതിജ്ഞ ചെയ്ത് വക്കീൽ കുപ്പായമണിഞ്ഞു. തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി അഡ്വ. സുമേഷിനെ ആദരിച്ചു. ഗ്രാമവികാസ് സമിതി ചുമതക്കാരായ കെ ജി സുഭഗൻ, പി ആർ സിജു, കെ എൻ ജയചന്ദ്രൻ, പി ആർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സുമേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കഠിന പ്രയത്നത്തിലൂടെ എൽ എൽ ബി ബിരുദം നേടി നാടിന് അഭിമാനമായ തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ ശ്രീ രാജുവിന്റെ മകൻ എ ആർ സുമേഷ് ഇന്ന് ഹൈകോടതിയിലെ ബാർ കൌൺസിലിൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എൻറോൾ ചെയ്തു.
ചെറുപ്പകാലം മുതൽ വക്കീലാകണമെന്ന അതിയായ ആഗ്രഹമായിരുന്നു സുമേഷിന്. തൃക്കാരിയൂർ ദേവസ്വം ബോർഡ് സ്കൂളിൽ നിന്നും എസ് എസ് എൽ സി യും, വാരപ്പെട്ടി എൻ എസ് എസ് സ്കൂളിൽ നിന്നും പ്ലസ് ടു വും പാസായ സുമേഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വരികയും, അച്ഛനെ സഹായിക്കാനായി അച്ഛന്റെ ബാർബർഷോപ്പിൽ കൂടേണ്ടി വരികയും ചെയ്തു. അച്ഛൻ നിത്യ രോഗിയായി മാറിയതോടെ അച്ഛന്റെ തൃക്കാരിയൂരിൽ ഉള്ള ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്തി കുടുംബം നോക്കേണ്ട ബാധ്യതയും സുമേഷിനായി. കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും24 ആം വയസിൽ എം ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് ആയി ബി എ എക്കണോമിക്സ് രജിസ്റ്റർ ചെയ്യുകയും രാത്രി സമയങ്ങളിൽ വീട്ടിലിരുന്ന് പഠിച്ച് എക്കണോമിക്സ് ബിരുദം നേടിയെടുക്കുകയും ചെയ്തു.
വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാവാത്ത സുമേഷ് തന്റെ 30 ആം വയസിൽ എൽ എൽ ബി എൻട്രൻസ് എഴുതിയെടുത്ത് തൊടുപുഴ ലോ കോളേജിൽ അഡ്മിഷൻ നേടുകയും, കഴിഞ്ഞ നാല് വർഷമായി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോളേജിൽ പോയുള്ള പഠനവും ശേഷം തിരിച്ചെത്തി ബാർബർ ഷോപ്പിൽ ജോലി ചെയ്ത് അവിടെ നിന്നുള്ള വരുമാനം കൊണ്ട്, രോഗം തളർത്തിയ അച്ഛൻ , അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തെയും പുലർത്തി വരികയാണ് സുമേഷ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ എൽ എൽ ബി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ സുമേഷ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി. കോവിഡ് മൂലം എൻറോൾ ചെയ്യാനുള്ള തിയതി മാറ്റി മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ഹൈകോടതിയിലെ ബാർ കൌൺസിലിൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എൻറോൾ ചെയ്തു.
ദൃഢ നിശ്ചയത്തോടെ മുന്നോട്ട് പോയത് കൊണ്ടും, തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഉള്ളതുകൊണ്ടാണ് തന്റെ 35 ആം വയസിൽ ഈ വിജയം കൈവരിക്കാനായതെന്നാണ് സുമേഷ് പറയുന്നത്. കുടുംബങ്ങളെല്ലാം ഇന്ന് വളരെ സന്തോഷത്തിലുമാണ്. എല്ലാവിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അതിജീവിച്ച് നിയമ ബിരുദം നേടി ഇന്ന് വക്കീൽ കുപ്പായം അണിഞ്ഞു നാടിന് അഭിമാനമായ സുമേഷിന്റെ വീട്ടിലെത്തി തൃക്കാരിയൂർ ഗ്രാമവികാസ് സമിതി പ്രവർത്തകർ സുമേഷിനെ ആദരിച്ചു.