കോതമംഗലം : നാളികേരത്തിൻ്റെ സംഭരണ വില മിനിമം 40 രൂപയാക്കി ഉയർത്തണമെന്നും,
വനാതിർത്തി മേഖലയിലെ കേരകർഷകർക്ക് വന്യമൃഗശല്യം മൂലം ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിന് സർക്കാർ അടിയന്തരമായി പാക്കേജ് പ്രഖ്യാപിക്കണമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ലോക നാളികേര ദിനത്തോടനുബന്ധിച്ച് യുഡിഎഫ് കർഷക കോ- ഓഡിനേഷൻ കിഴക്കൻ മേഖല കമ്മിറ്റി മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ നടത്തിവന്നിരുന്ന വിവിധ പരിപാടികളുടെ സമാപനവും കേര കർഷകർക്ക് കൂടുതൽ അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. വനാതിർത്തി മേഖലയിലുള്ള കേരകർഷകർക്ക് വന്യമൃഗങ്ങൾ ഉണ്ടാക്കിയ നാശം ഏകദേശം എട്ടര കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
കൂടാതെ കേര കർഷകർ സഹകരണ ബാങ്കുകൾ അടക്കമുള്ള ബാങ്കുകളിൽ നിന്നും കൃഷിക്കായി എടുത്തിട്ടുള്ള വായ്പ കുടിശ്ശിഖയായി ജപ്തി ഭീഷണി നേരിടുന്നതും സംബന്ധിച്ച് കൃഷിമന്ത്രിക്ക് പരാതി സമർപ്പിച്ചിട്ടുള്ളതായും കോഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി . കിഴക്കൻ മേഖലയിലെ കൃഷിഭവനുകൾ വഴി നാളികേര സംഭരണം നടത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ കിഴക്കൻ മേഖലയിൽ 26 മുതൽ 28 വരെ വാഹന പ്രചരണ ജാഥ നടത്തുവാനും യോഗം തീരുമാനിച്ചു. ജനറൽ കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സി ജോർജ്, സ്വതന്ത്ര കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് എം എം അബ്ദുൽറഹ്മാൻ വിവിധസംഘടന നേതാക്കളായ കെ ഇ കാസിം , എം സി അയ്യപ്പൻ, സി പി ജോസ് , പി എ പാദുഷ , ജോസ് തുടുമ്മേൽ, സജി തെക്കേക്കര ,ജോസ് കൈതമന ,വർഗീസ് കൊന്നനാൽ എന്നിവർ പ്രസംഗിച്ചു.