കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത് 6, 7 വാര്‍ഡുകളിലേക്ക് കുടിവെള്ളം, ജലസേചനം എന്നിവക്കായി മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം കൊണ്ടുവരുവാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ കനാലിനുള്ളിലായി ഉദ്ദേശം 15 അടി താഴ്ചയില്‍ സ്ഥാപിച്ച ഗ്രില്ലില്‍ പ്ലാസ്റ്റിക്കും ചപ്പുചവറുകളും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച നിലയിലായിരുന്നു.
കനാലിലെ വെള്ളം കുറച്ചാല്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തും കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ കോതമംഗലം അഗ്‌നി രക്ഷാനിലയത്തിലെ സ്‌കൂബ ടീം കനാലിലെയും സബ് കനാലിലെയും പൈപ്പിന്റെ ഗ്രില്ലില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം നീക്കം ചെയ്തതോടെ വെള്ളം കനാലിലൂടെ പഴയ പോലെ ഒഴുകുന്ന സ്ഥിതിയിലായി. കോതമംഗലം അഗ്‌നിരക്ഷ നിലയത്തിലെ സ്‌കൂബ ടീം അംഗങ്ങളായ എം. അനില്‍കുമാര്‍, സിദ്ദിഖ് ഇസ്മായില്‍, എസ്. സല്‍മാന്‍ ഖാന്‍, ബേസില്‍ ഷാജി എന്നിവരാണ് കനാലില്‍ ഇറങ്ങി മാലിന്യ നീക്കം നടത്തിയത്.























































