കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കായിക മേഖലയില്‍ കൂടുതല്‍ തിളക്കവും മികവും കൈവരിക്കാന്‍ മള്‍ട്ടി ജിം സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പിന്തുണയാകുമെന്ന് എംഎല്‍എ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അത്യാധുനിക ശൈലിയിലുള്ള മള്‍ട്ടി ജിംനേഷ്യവും, സ്മാര്‍ട്ട് കിച്ചനും, മെസ്സും ആണ് സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരി ഫാ. സാജു ജോര്‍ജ് കൂരിക്കാപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോതമംഗലം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു മുഖ്യപ്രഭാഷണവും, അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി.
നവതി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ – കായിക മേഖലയിലെ മുന്നേറ്റത്തിന് വഴി തെളിക്കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ മാനേജര്‍ ബാബു കൈപ്പിള്ളില്‍ പറഞ്ഞു. മര്‍ത്തോമന്‍ ചെറിയ പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരില്‍, പിടിഎ പ്രസിഡന്റ് സനീഷ് എസ്, പ്രിന്‍സിപ്പല്‍ ഫാ. പി.ഒ പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.





















































