കോതമംഗലം :കുട്ടമ്പുഴ വില്ലേജിലെ പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്ന് വരുന്ന പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ. അറിയിച്ചു.
കോതമംഗലം നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയ അസംബ്ലി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിലെ കുട്ടമ്പുഴ-ആനക്കയം റോഡ്, കുട്ടമ്പുഴ-ഉരുളന്‍തണ്ണി- പിണവൂര്‍കുടി റോഡ് എന്നീ പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്ന് വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിനുളള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരാവായിട്ടുളളതെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു. പട്ടയ അസംബ്ലിയില്‍ കോതമംഗലം മുന്‍സിപ്പാലിറ്റിയിലേയും താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ അതിദരിദ്രര്‍ക്കായി കണ്ടെത്തിയിട്ടുളള ഭൂമിയില്‍ പട്ടയം നല്‍കുന്നത് സംബന്ധിച്ചും, കോളനി പട്ടയങ്ങള്‍ നല്‍കുന്നതിലെ നടപടികള്‍ സംബന്ധിച്ചും മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി സംസാരിക്കുകയുണ്ടായി.
കീരംമ്പാറ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ പുഴ പുറമ്പോക്കില്‍ താമസിക്കുന്ന ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിനും, കുട്ടമ്പുഴ പഞ്ചായത്തിലെ കോളനി പട്ടയങ്ങള്‍ നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.
പട്ടയ അസംബ്ലിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ സംബന്ധിച്ച് കോതമംഗലം തഹസില്‍ദാര്‍ അനില്‍കുമാര്‍ എം, സ്പെഷ്യല്‍ തഹസില്‍ദാര്‍ സജിമോന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ചേർന്ന പട്ടയ അസംബ്ലിയിൽ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കോറമ്പേൽ, മുൻസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എ എ രമണൻ,കീരമ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി എന്നിവർ പങ്കെടുത്തു .
