കോതമംഗലം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ പടിഞ്ഞാറു വശത്തുള്ള കൽക്കുരിശിന്റെ പെരുന്നാൾ ആഘോഷിച്ചു. വി. അഞ്ചിന്മേൽ കുർബ്ബാനയ്ക്കു കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.പൗലോസ് മോർ ഐറേനിയോസ് തിരുമേനി മുഖ്യ കാർമ്മകത്വം വഹിച്ചു. ” മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ മലങ്കര സഭയുടെ സത്യവിശ്വാസത്തിൻ്റെ കാവൽ പിതാവാണ്” എന്ന് അഭി.പിതാവ് അഭിപ്രായപ്പെട്ടു. പള്ളി സ്ഥാപനത്തിനു മുമ്പ് സ്ഥാപിതമായ കൽക്കുരിശിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാതെ അന്നത്തെ നാടുവാഴികളായിരുന്ന കർത്താക്കന്മാർ കാവലിരുന്നതിനെ അനുസമരിപ്പിച്ചു കൊണ്ട് മൂന്ന് വൈദീകർ അംശവസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്ന് വിശ്വാസികളെ അനുഗ്രഹിച്ചു.
ആശീർവ്വാദത്തിനു ശേഷം പൂർവ്വിക പതിവനുസരിച്ച് വിശ്വാസികൾക്ക് അവിലും പഴവും ശർക്കരയും നേർച്ച വഴിപാടായി വിതരണം ചെയ്തു. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ.ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,ഏലിയാസ് കീരംപ്ലാ യിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് മൂന്ന് മണിക്ക് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാളുകളുടെ ലേലം നടന്നു. 6 മണിക്ക് സന്ധ്യാനമസ്കാരം നടത്തി. സെപ്തംബർ 27 വെള്ളിയാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം 7.15 ന് അഭി. മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന. 10 മണി മുതൽ 1 മണി വരെ ഏകദിന ധ്യാനയോഗവും മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായോടുള്ള മദ്ധ്യസ്ഥ പ്രത്യേക പ്രാർത്ഥനയും രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.