കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ESZ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കോതമംഗലം MLA ശ്രീ. ആന്റണി ജോണിന്റെ അധ്യക്ഷതയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ബി. രാഹുൽ വിളിച്ചുചേർത്ത യോഗത്തിൽ കുട്ടമ്പുഴ – കീരമ്പാറ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും, പ്രദേശ വാസികളുടെയും ജനസംരക്ഷണ സമിതി അടക്കമുള്ള മറ്റ് ജനകീയ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്നു തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ ഇപ്പോൾ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന ശുപാർശയിൽ നിന്നും ജനവാസമേഖലകളെയും കൃഷി ഭൂമിയെയും പൂർണ്ണമായി ഒഴിവാക്കി പുതിയ നിർദ്ദേശം സമർപ്പിക്കുന്നതിന് തീരുമാനിച്ചു.
ജനങ്ങളുടെ ആശങ്കകളും പരിഹാരനിർദ്ദേശങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡന് പ്രതിനിധികൾ രേഖാമൂലം എഴുതിനല്കുകയും അതിൽനിന്ന് അണുവിട വ്യതിചലിക്കരുതെന്നു മുന്നറിയിപ്പും നൽകി. പ്രദേശ വാസികളുടെ ആശങ്കകൾ പരിഗണിച്ച് ESZ നിർണ്ണയിക്കുന്നതിന് മുൻപായിതന്നെ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകൾ ഉണ്ടായില്ലെങ്കിൽ 1983 ലെ വിജ്ഞാപനപ്രകാരം പക്ഷിസങ്കേതത്തിനുള്ളിൽ പെട്ടുപോയിരിക്കുന്ന 9 Sq. Km ജനവാസമേഖല പൂർണ്ണമായി ഒഴിവാക്കി കിട്ടുന്നതിനുള്ള നിയമ നടപടികൾ അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്താനും തീരുമാനിച്ചാണ് യോഗ നടപടികൾ അവസാനിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം വന്നതുമുതൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.