കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ വരവേൽക്കുന്നത് പ്രവേശനവഴിയുടെ ഇരുവശത്തേയും ഭിത്തിയിൽ തട്ടേക്കാട് കാണുന്നതും, അപൂർവമായി വിരുന്നെത്തുന്നതുമായ പക്ഷികളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തുകൊണ്ടാണ്.
കിളി കൊഞ്ചലുകളുടെ അകമ്പടിയോടുകൂടി ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യോദ്യാനം, അനിമൽ റീഹാബിലിേറ്റഷൻ സെന്റർ, െട്രക്കിങ്, ബോട്ടിങ്, പക്ഷിനിരീക്ഷണ പാതയിലേക്കായി ബഗ്ഗീസ് കാർ, ഇല്ലിനാമ്പുകൾകൊണ്ട് തൂക്കണാംകുരുവിയുടെ കൂടിന്റെ മാതൃകയിൽ തീർത്ത വിശ്രമസ്ഥലം, കുട്ടികളുടെ പാർക്ക്, താമസത്തിന് ട്രീ ഹട്ടുകളും വാച്ച് ടവറുകളും എല്ലാം ഒരുക്കിയിയാണ് സഞ്ചാരികളെ തട്ടേക്കാട് ഭ്രമിപ്പിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം മൃഗശാലയാണെന്ന ധാരണയിൽ ഇവിടെയെത്തുന്നവർ പോലും തിരിച്ചു പോകുന്നത് ഒരുപിടി മറക്കാനാവാത്ത പക്ഷികളുടെ ഓർമ്മകളുമായാണ്. പക്ഷി നീരീക്ഷണത്തിനൊപ്പം വനം വന്യജീവികളുടെ ആവാസവ്യവസ്ഥ അടുത്തറിയുവാനുള്ള ഇടം കൂടിയാണ് തട്ടേക്കാട്.
25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളും വ്യത്യസ്‍ത ദേശങ്ങളിൽനിന്നുമുള്ള ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേത്തിൽ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുമതി നെൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് പരിചയ സമ്പന്നരായ പക്ഷി നിരീക്ഷകരുടെ സേവനം ലഭ്യമാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു കാടിന്റെ സ്പന്ദനം അടുത്തറിയുവാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
പക്ഷിതാവളത്തിലെ താമസത്തിന് വനംവകുപ്പിന്റെ ട്രീ ഹട്ട്, നാലുനില വാച്ച് ടവർ എന്നിവ ലഭ്യമാണ്. രണ്ട് കുട്ടികളടക്കം ഫാമിലിക്ക് 2,500 രൂപയാണ് ചാർജ് ഈടാക്കുന്നത്. പക്ഷിസങ്കേതത്തിലേക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്. പക്ഷിനിരീക്ഷണ പാതയിലൂടെ ഒന്നര കിലോമീറ്റർ െട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബോട്ട് സവാരിക്ക് ഒരാൾക്ക് 150 രൂപയാണ് ചാർജ്. ബോട്ട് സവാരിയിൽ തട്ടേക്കാട് മാത്രം വിരുന്നെത്തുന്ന ചില ദേശാടന പക്ഷികളെ കാണുവാനും നീർപക്ഷികളുടെ ജലകേളികൾ കണ്ട് ആസ്വദിക്കുവാനുമുള്ള അസുലഭ അവസരമാണെന്ന് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ ബിജുമോൻ എസ് മണ്ണൂർ വെളിപ്പെടുത്തുന്നു.