കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ മുതൽ ബോട്ട് സവാരി ആരംഭിക്കും. ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിച്ചതിനെ തുടർന്നാണ് ബോട്ടിംഗ് പുനരാരംഭിക്കുന്നത്. വനം വകുപ്പിൻ്റെ ഹോൺ ബിൽ എന്ന ബോട്ടാണ് വിനോദസഞ്ചാരികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ഏതാനും പെഡൽ ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധയിനം പക്ഷികളെയും വന്യ ജീവികളെയും ബോട്ട് യാത്രക്കിടെ കാണാൻ കഴിയും. പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് പെരിയാറിലുടെയുള്ള ബോട്ട് യാത്ര വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമായിരിക്കും പ്രദാനം ചെയ്യുന്നത്.
