കോതമംഗലം : കേന്ദ്രസർക്കാർ പുറത്തിറക്കാന്‍പോകുന്ന വിജ്ഞാപനത്തിന്റെ പേരില്‍ കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റും താമസിക്കുന്നവർ വീണ്ടും ആശങ്കയില്‍. വിജ്ഞാപനം പുറത്തിറങ്ങിയാൽ പക്ഷിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയില്‍ പരിസ്ഥിതി ലോല മേഖലയായി മാറിയേക്കും എന്നതാണ് ആശങ്കയ്ക്ക് കാരണം. കുട്ടമ്പുഴ, ഞായപ്പിള്ളി, തട്ടേക്കാട്, പുന്നെക്കാട്, പാലമറ്റം , ചീക്കോട് ഭാഗങ്ങളിൽ താമസിക്കുന്നവരെ ഇത് സാരമായി ബാധിക്കും. ബഫർ സോണില്‍ പല നിയന്ത്രണങ്ങളും വരുമെന്ന് ആശങ്കപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വീടുകൾക്ക് പുറമെ പക്ഷിസങ്കേതത്തിനു ചുറ്റും വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, സ്കൂളുകൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയവയുമുണ്ട്.
കുടിയേറ്റ കര്‍ഷകരും ആദിവാസികളും താമസിക്കുന്ന ജനവാസമേഖലയെ ഒഴിവാക്കി നേര്യമംഗലുത്തുള്ള വനപ്രദേശത്തെ പക്ഷിസങ്കേതവുമായി കൂട്ടിചേര്‍ക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ബഫര്‍ സോണ്‍ പ്രഖ്യാപിച്ചതോടെ കുട്ടമ്പുഴയിലെയും കീരംപാറയിലെയും എണ്ണായിരത്തിനടുത്ത് കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. ഹൈക്കോടതിയിലെ നിയമനടപടി മാത്രമാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ള വഴി. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകണമെന്ന് കീരംപാറ ജനകീയവേദി ആവശ്യപെടുന്നു. അടിയന്തിരമായി പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ചു പ്രമേയം പാസ്സാക്കണമെന്നും ജനകീയവേദി ആവശ്യപെടുന്നു. ബഫർ സോൺ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യണമെന്നും കീരംപാറ ജനകീയവേദി ആവശ്യപെടുന്നു.