കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ. തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ് ഓഫ് ഫാർമേഴ്‌സ് രക്ഷാധികാരിയും, വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് പള്ളി വികാരിയുമായ ഫാ. ജോർജ് തെക്കെയറ്റത്ത് പറഞ്ഞു.
തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത സമര സമിതി ഇന്ന് കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിൽ നടത്തുന്ന ജനകീയ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വെളിയൽച്ചാലിൽ ചേർന്ന കൂട്ടായ്മയിൽ പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോൺ വിഷയത്തിൽ ഒറ്റകെട്ടായി നിന്നുകൊണ്ട് അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ഫാ. ജോർജ് തെക്കേയറ്റത്ത് കൂട്ടിചേർത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ബ്ലോക് പഞ്ചായത്ത് അംഗം ജെസിമോൾ ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം ലിസി ജോണി, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ആന്റണി കുര്യാക്കോസ്, സുനിൽ അവിരാപാട്ട്, ജോമോൻ പാലക്കാടൻ, ജോജി സ്കറിയ എന്നിവർ പ്രസംഗിച്ചു.
രണ്ട് പഞ്ചായത്തുകളിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ സംയുക്ത സമര സമിതി ആഹ്വനം ചെയ്തിരിക്കുന്ന ജനകീയ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി സമിതി ഹർത്താലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.