കോതമംഗലം : വന്യമൃഗ ഭീഷണിയിൽ നിന്ന് ഇടമലയാർ ഗവ.സ്കൂളിലെ കുരുന്നുകൾക്ക് മോചനം.ഗെയ്റ്റ്,ആർച്ച്,എന്നിവയുടെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ നിർവ്വഹിച്ചു. വന്യ മൃഗങ്ങളുടെയും,ഇഴ ജന്തുക്കളുടെയും ഭീഷണിയിൽ കഴിഞ്ഞിരുന്ന 40 ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ,ബ്ലോക്ക് പഞ്ചായത്ത് 2023 – 2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം ചെലവഴിച്ചാണ് വിദ്യാർഥികളുടെയും, അധ്യാപകരുടെയും ആശങ്ക അകറ്റിയ നിർമ്മാണങ്ങൾ നടത്തിയത്.
നിരവധി തവണ കാട്ടാനകൾ സ്കൂൾ കെട്ടിടത്തിൽ നാശനഷ്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. നിരവധി ആദിവാസി കുടികളിലെ കുട്ടികൾക്ക് ഏക ആശ്രയമാണ് ഇടമലയാർ ഗവ.യു .പി . സ്കൂൾ. സ്കൂൾ കോമ്പൗണ്ടിന് സംരക്ഷണ ഭിത്തി,ഗെയ്റ്റ്, ആർച്ച്,മുറ്റത്ത് ടൈൽ ,കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചതോടെ സ്കൂൾ അന്തരീക്ഷം മനോഹരമായതായി പ്രസിഡൻ്റ് പറഞ്ഞു.ആദിവാസി മേഖലയുടെ ഉന്നമനത്തിന് ഈ വർഷവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.