കോതമംഗലം : കേരളത്തിൽ സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമിയാണ് പച്ചപ്പട്ടണിഞ്ഞ തേയില തോട്ടങ്ങൾ കൊണ്ട് മനോഹാരിത തീർക്കുന്ന മൂന്നാർ. മനസ്സിന് കുളിർമയും സന്തോഷവും പകരുന്ന മായികലോകവും, വിനോദ സഞ്ചാരികളുടെ പറുദീസയുമായ മുന്നാറിൽ രാപാർക്കാൻ ഇനി ടെന്റ് ക്യാമ്പും. മുന്നാറിൽ എത്തുന്നവർക്ക് ചുരുങ്ങിയ ചിലവിൽ താമസിക്കുവാൻ എ. സി. സ്ലീപ്പർ ബസ് സൗകര്യം ഒരുക്കിയ അതേ കെ എസ് ആർ ടി സി തന്നെയാണ് ചുരുങ്ങിയ ചിലവിൽ ടെന്റ് ക്യാമ്പ് സൗകര്യവും ഒരുക്കുന്നത്. രണ്ട് ടെന്റ് കളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാറിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപം പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിച്ച് സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ അന്തിയുറങ്ങാം.
200 രൂപ നിരക്കാത്ത് ഒരാളിൽ നിന്ന് ഈടാക്കുന്നത്. നാലുപേർക്ക് കഴിയാവുന്ന ടെൻ്റായതിനാൽ ഒരുമിച്ച് ബുക്ക് ചെയ്താൽ നാലു പേർക്ക് 700 രൂപക്ക് ടെന്റ് ലഭിക്കും. ക്യാമ്പ് ഫയർ നടത്തുവാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 2000 രൂപയാണ് ക്യാമ്പ് ഫയറിന് ഈടാക്കുന്നത് . സ്ലീപ്പർ ബസ് ഉപയോഗിക്കുന്ന സഞ്ചാരികൾക്കാണ് ഈ സൗകര്യത്തിന് ആദ്യ മുൻഗണനയെന്നു മൂന്നാർ കെ എസ് ആർ ടി സി ഇൻസ്‌പെക്ടർ ഇൻചാർജ് സേവി ജോർജ് പറഞ്ഞു . മൂന്നാർ ചുറ്റിയടിച്ചു കാണുവാൻ ആനവണ്ടി സൗകര്യവും ഉണ്ട്. വീണ്ടും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും,അവരെ ആകര്ഷിക്കുവാനും പുതിയ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സ്വന്തം കെ എസ്സ് ആർ ടി സി”.