കവളങ്ങാട് : കണ്ണീരോടെ അവസാന കുർബാനയും ചൊല്ലി പള്ളിവികാരി ഫാദർ.പോൾ വിലങ്ങുംപാറ ഇടവകയോട് എന്നന്നേക്കുമായി യാത്ര പറഞ്ഞിറങ്ങി. കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പുലിയൻപാറയിലെ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയോട് ചേർന്ന് അനധികൃതമായി നിയമം വളച്ചൊടിച്ച് പ്രവർത്തനം തുടങ്ങിയ ഭീമൻ ടാർ മിക്സിങ്ങ് പ്ലാന്റിൽ നിന്നും പുറത്തേക്ക് വരുന്ന വിഷാംശ ഗന്ധവും കടുത്ത ചൂടുംമൂലം പള്ളിയിലും പരിസര പ്രദേശത്തും വസിക്കുന്നവരുടെ ആരോഗ്യ പ്രശ്നമാണ് നാട്ടുകാരും വിശ്വാസികളും ഹൃദയവേദനാജനകമായ തീരുമാനത്തിലെത്തിയത്.
പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ആരാധന നടത്താനാവാത്ത അവസ്ഥ. പ്ലാന്റിന് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. നിയമപരമായി പരാതികളും കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. പ്ലാന്റിനു മുന്നിൽ സമരം ചെയ്ത പള്ളി വികാരി ഫാദർ.പോൾ വിലങ്ങും പാറയെ പോലും പോലീസിനെ ഉപയോഗിച്ച് ഭീക്ഷണി പെടുത്തിയതായും സമരക്കാർ പറയുന്നു.
പള്ളി പൂട്ടിയതോടെ വിശ്വാസികൾ കരഞ്ഞ് കൊണ്ടാണ് പ്രദേശം വിട്ടത്. നൂറ്റി അറുപത് കുടുംബക്കാർ തങ്ങളുടെ വീട്ടിലെ സമ്പാദ്യങ്ങളിലൊരു ഭാഗം നൽകി പിരിവെടുത്ത് നാല് വർഷം കൊണ്ട് പണി പൂർത്തീകരിച്ച് ആരാധന തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു. അതാണ് ഇപ്പോൾ ടാർ മിക്സിങ് പ്ലാന്റ് തുറന്നത് മൂലം അടക്കേണ്ടി വന്നത്.