കോതമംഗലം:സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.വി തോമസ്, എം പി ടി എ പ്രസിഡണ്ട് ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ജിജു തോമസ് എന്നിവർ പ്രതിഭകൾക്ക് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗതം അർപ്പിക്കുകയും, സ്കൂൾ ലീഡർ കുമാരി ദേവനന്ദ സുരേഷ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
സംസ്ഥാനതലത്തിൽ കല,ശാസ്ത്രം, സ്പോർട്സ് എന്നിവയിൽ മികവു പുലർത്തിയ പ്രതിഭകൾക്കും, എൻ എം എം എസ്, യുഎസ്എസ് വിജയികൾക്കും രാജ്യപുരസ്കാർ ഗൈഡ്സിനും ഒരുക്കിയ വർണ്ണശബളമായ അനുമോദന ചടങ്ങിൽ, പ്രതിഭകളെ, ബാൻഡ് മേള ത്തോടെ വേദിയിലേക്ക് ആനയിക്കുകയും, മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി എംഎൽഎ അനുമോദിക്കുകയും ചെയ്തു.
ഇവരെ കൂടാതെ, സബ്ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 222 പ്രതിഭകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 90 വിദ്യാർത്ഥിനികൾ, ലിറ്റിൽ കൈറ്റ്സ് , റെഡ് ക്രോസ് വിജയികളായ 96 കുട്ടികൾ, കെസിഎസിൽ വിജയികളായ 16- വിദ്യാർത്ഥിനികൾ ഉൾപ്പെടെ 492 കുട്ടികളെയാണ് പ്രതിഭാ ദിനത്തിൽ ആദരിച്ചത് .