കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുഭിക്ഷം കേരളം പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കൃഷി വകുപ്പ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്യത്തിൽ മറ്റ് വകുപ്പുകളേയും സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ബൃഹത്തായ കർമ്മ പരിപാടിയാണ് സുഭിക്ഷ കേരളം. തരിശായ എല്ലാ പ്രദേശങ്ങളേയും ഇതുവഴി കൃഷിയിലേക്കെത്തിക്കുന്നു. നെല്ല്, പഴം പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ,പയർ വർഗ്ഗങ്ങൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റമാണ് സുഭിക്ഷ കേരളം പദ്ധതി ലക്ഷ്യമിടുന്നത്.
ഇടനില കൃഷി പ്രോത്സാഹനം ഫലവർഗ്ഗ വിളകളുടെ നടീൽ വസ്തുക്കളുടെ വിതരണം വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹനമായി പച്ചക്കറി,കിഴങ്ങു കൃഷി,ഗ്രോ ബാഗ് തുടങ്ങിയവയും നടപ്പിലാക്കുന്നു.ലോക്ക്ഡൗണിനുശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുകൊണ്ടുള്ള കർമ്മപദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. 25000 ഹെക്ടർ തരിശ്ശൂഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശൂഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾ,വിദേശത്തുനിന്നും മടങ്ങിയെത്തിയവർ, കുടുംബശ്രീ യൂണിറ്റുകൾ,സന്നദ്ധ സംഘടനകൾ,കർഷകർ തുടങ്ങിയവർക്കായിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.കോതമംഗലം മണ്ഡലത്തിൽ പദ്ധതിയുടെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ http://aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും എം എൽ എ അറിയിച്ചു.
ഫോട്ടോ കടപ്പാട് : കോതമംഗലം വാർത്ത ലൈബ്രറി