കോതമംഗലം: സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി നാട്ടുകാരോടൊപ്പം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു കോതമംഗലത്തെ ദാരുണമായകൊലപാതകം. എല്‍ദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കോതമംഗലത്തെ സ്റ്റുഡിയോ ഉടമ എല്‍ദോ പോള്‍ മരണപ്പെട്ട വിവരം പുറത്തറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി പ്രതി എല്‍ദോസ് ജോയിയും കേസന്വേഷണത്തില്‍ പങ്കാളിയായി. ആര്‍ക്കും ഒരു സംശയവുമില്ലാതെയാണ് എല്‍ദോസ് ജോയി നാട്ടുകാരോടും പൊലീസുകാരോടും മാധ്യമങ്ങളോടും പെരുമാറിയത്. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെയാണ് രാവും പകലും ജനത്തിനൊപ്പം കൂട്ടായി പങ്കെടുത്തത്. അതു കൊണ്ട് നാട്ടുകാരും സംശയിച്ചിരുന്നില്ല.കൂടെ നടക്കുന്നവന്‍ ഇത്രയും ക്രൂരത ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
എല്‍ദോസിന്റെവീട്ടില്‍ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയില്‍ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഇവര്‍ എല്‍ദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവില്‍ പോകാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.
കനാലില്‍ മൃതദ്ദേഹം കാണപ്പെട്ട ഭാഗത്ത് ഇതിനകം 4 അപകടമരണങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ ഇതും അപകടമരണമെന്ന് കാഴ്ചക്കാര്‍ കരുതുമെന്നും മറ്റും കരുതിയാവാം കൊലനടത്തിയ ശേഷം മൃതദ്ദേഹം ഇവിടെ കൊണ്ടിടാന്‍ ജോയിയെയും മകനെയും പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ . പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.
ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എല്‍ദോസ് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന എല്‍ദോസിന്റെ മരണം അടുപ്പക്കാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതിനിടയിലാണ്് തങ്ങള്‍ കുടംബത്തിലെ ഒരു അംഗമെന്ന് കണക്കുകൂട്ടിയിരുന്ന പ്രിയപ്പെട്ടവന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായുള്ള വിവരം ഇവരെത്തേടിയെത്തിയിട്ടുള്ളത്. ചേലാട് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളി (42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിട്ടുള്ളത്.
ചേലാട് ചെങ്കരയില്‍ പെരിയാര്‍വാലിയുടെ ഹൈലവല്‍ കനാലിന്റെ തീരത്ത് ഈ മാസം 11-ന് പുലര്‍ച്ചെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. മൃതദ്ദേഹത്തിന് പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ മൃതദ്ദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയവര്‍ സംഘടിച്ച് ദേഹത്തുനിന്നും സ്‌കൂട്ടര്‍ മാറ്റി പരിശോധിച്ചപ്പോള്‍ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് കോതമംഗലം പൊലീസില്‍ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു.പ്രത്യക്ഷത്തില്‍ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തില്‍ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രാത്രി 10 മണിക്കുശേഷം മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ എല്‍ദോസിനെ പിന്നെ മക്കളിലൊരാള്‍ വിളിച്ചിരുന്നു. അപ്പോള്‍ ഉടന്‍ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എല്‍ദോസിന്റെ മൊബൈല്‍ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹായകമായത്.
അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഹൈലവല്‍ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിട്ടു. ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ തെളിവുനശിപ്പിക്കുന്നതിനായി എല്‍ദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു.അടുക്കളയിലാണ് മൊബൈല്‍ കത്തിച്ചത്. എല്‍ദോസിന്‍റെ മൃതദേഹം സംസ്കരിക്കുംമുമ്പേ പ്രതികളെ പിടികൂടി കോതമംഗലം പോലിസ് മിടക്കുകാട്ടി.യൂത്ത് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് മുഖ്യപ്രതി എല്‍ദോ ജോയി. ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ പീറ്റര്‍, എസ് ഐ മാഹിന്‍ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.