കോതമംഗലം : അവഗണിക്കപ്പെട്ട നേര്യമംഗലത്തെ റാണിക്കല്ല് മോടി പിടിപ്പിച്ച് എന്‍.എസ് എസ് വിദ്യാര്‍ത്ഥികള്‍. കൊച്ചി-ധനുഷ്‌കോടി ദേശിയപാതയില്‍ നേര്യമംഗലത്തിന് സമീപമുള്ള റാണിക്കല്ല് വളവില്‍ സ്ഥാപിച്ചിരുന്ന റാണിക്കല്ലും, പരിസരവും വൃത്തിയാക്കുകയും പെയ്ന്റ് അടിച്ച് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കും വിധമാണ് മോടി പിടിപ്പിച്ചിരിക്കുന്നത്. എന്‍ എസ് എസ് സംപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് പൊതു മാലിന്യ ഇടങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂൾ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് റാണിക്കല്ലിനെ മോടി പിടിപ്പിച്ചത്. 96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ന് കാണുന്ന ദേശീയ പാതയുടെ നിര്‍മ്മാണ കാലഘട്ടത്തില്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാറാണിയായിരുന്ന സേതു ലക്ഷമീ ഭായ് ഉദ്ഘാടനം ചെയ്തതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിച്ച ഉദ്ഘാടന ഫലകം റാണിക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ദേശീയ പാത,പൊതുമരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കാതെ നാശത്തിന്റെ വക്കില്‍ എത്തിയ നൂറ്റാണ്ടിന്റെ പഴക്കം പേറി നില്‍ക്കുന്ന ചരിത്രസ്മാരകത്തെ എന്‍ എസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് പെയിൻറ് അടിച്ചു സംരക്ഷിച്ച് മാതൃകയായി.
