പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100% വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ രണ്ട് ഘട്ടമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 600 വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേസിൽ പോൾ എന്നിവർ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പി അജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, നഗരസഭാ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, ആനി മാർട്ടിൻ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ വി രമ, പദ്ധതി കോഡിനേറ്റർ ഡാമി പോൾ എന്നിവർ സംസാരിച്ചു.