കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. അരി, ചെറുപയർ, കടല, തുവര, മുളക് പൊടി,മല്ലിപ്പൊടി,മഞ്ഞൾ പൊടി,ആട്ട,പഞ്ചസാര,ഉപ്പ് എന്നിങ്ങനെ പത്ത് ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റാണ് വിതരണം ചെയ്യുന്നത്. കോതമംഗലം മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ 1801 കുട്ടികൾക്കും,ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ 7763 കുട്ടികൾക്കും,അഞ്ച് മുതൽ എട്ട് വരെ ക്ലാസ്സുകളിലെ 5294 കുട്ടികളും ഉൾപ്പെടെ 14,858 കുട്ടികൾക്കാണ് കിറ്റ് വിതരണം നടത്തുന്നത്.
ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കി സപ്ലൈകോ അധികൃതർ സ്കൂളുകളിൽ എത്തിച്ച് നൽകും.സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങൾ,പി ടി എ അംഗങ്ങൾ,എസ് എം സി അംഗങ്ങൾ,മദർ പി ടി എ അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ രക്ഷിതാക്കൾ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും,മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പായ്ക്കിങ്ങ് പ്രവർത്തികൾ പുരോഗമിച്ച് വരികയാണെന്നും എംഎൽഎ അറിയിച്ചു.