കോതമംഗലം: അടച്ചുപൂട്ടലിനെ തുടർന്ന് മാറ്റി വച്ച എസ് എസ് എൽ സി,ഹയർ സെക്കൻ്ററി,വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകൾക്കായി കോതമംഗലത്തെ സ്കൂളുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ 51 സ്കൂളുകളിലായി 5242 കുട്ടികളും,ഹയർ സെക്കൻ്ററിയിൽ 15 സ്കൂളുകളിലായി 5737 കുട്ടികളും,മൂന്ന് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിലായി 450 കുട്ടികളുമാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. മെയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുന്നത്. സ്കൂളുകളുടെ പരിസരം ശുചിയാക്കുന്ന പ്രവർത്തികൾ പൂർത്തിയായി. ക്ലാസ്സുകൾ അണു വിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
സാനിറ്റൈയ്സറും,മാസ്കും എന്നിവ സജ്ജമാക്കി വരുന്നു.പരീക്ഷ ദിവസങ്ങളിൽ രാവിലേയും ഉച്ചയ്ക്കും ബെഞ്ചും ഡെസ്കും അണുവിമുക്തമാക്കും. പരീക്ഷ കേന്ദ്രത്തിൽ പ്രധാന കവാടത്തിൽ കൂടി മാത്രമേ കടത്തിവിടൂ. 20 പേരെ മാത്രമേ ഒരു മുറിയിൽ പരീക്ഷയ്ക്ക് ഇരിത്തൂ. സാനിറ്റൈസർ,മാസ്ക് ഇവയും ഉറപ്പ് വരുത്തും. മുഴുവൻ കുട്ടികൾക്കും പരീക്ഷ കേന്ദ്രങ്ങളിലേക്കും,തിരിച്ചും പോകാനുള്ള ഗതാഗത സൗകര്യമടക്കം ഏർപ്പെടുത്തും. എല്ലാ സ്കൂളുകളിലും പി ടി എ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും,മുഴുവൻ സ്കൂളുകളിലും പരീക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നല്ല രീതിയിൽ നടന്നു വരികയാണെന്നും എംഎൽഎ അറിയിച്ചു.