കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ സ്പേസ് (Special Platform to Achieve Classroom Experience for bedridden children) പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കിടപ്പിലായ കുട്ടികൾക്ക് തങ്ങളുടെ സമപ്രായക്കാരോടൊപ്പം ഒരേ ക്ലാസ് മുറിയിലിരുന്ന് പഠന പ്രക്രിയയിൽ ഏർപ്പെടാനും അവരെ പൊതു സമൂഹത്തിലേക്ക് ആനയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . കോതമംഗലം നിയോജക മണ്ഡലത്തിലെ ജിഎച്ച്എസ് പൊയ്ക സ്കൂളിനെയാണ് സ്പേസ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
അനുയോജ്യമായ ഭൗതിക സൗകര്യങ്ങളും,നൂതന സാങ്കേതിക വിദ്യകൾ ഒരുക്കിയ പ്രത്യേക ക്ലാസ്മുറികളും,സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്,തെറാപ്പിസ്റ്റ്, ആയമാർ,കൗൺസിലേഴ്സ് ഡോക്ടർമാർ എന്നിവരുടെ സേവനം ഇത്തരം കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ടതുണ്ട്. പലവിധ പരിമിതികളാൽ സ്കൂളിലെത്തിച്ചേരാൻ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂളിലെത്തിക്കുക എന്നതാണ് സ്പേസ് പദ്ധതിയുടെ ലക്ഷ്യം.ഈ പദ്ധതിയുടെ നടത്തിപ്പിനായി ജി എച്ച് എസ് പൊയ്ക സ്കൂളിന് 5 ലക്ഷം രൂപ അനുവദിച്ചതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.