കോതമംഗലം:- കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ജനുവരി 12 ഞായറാഴ്ച രാവിലെ 10.30 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 1956 ൽ കോട്ടപ്പടിയിൽ ആരംഭിച്ച വില്ലേജ് ഓഫീസ് 1996 മുതൽ നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. ഏകദേശം 25 വർഷത്തോളം പഴക്കമുള്ള നിലവിലെ കെട്ടിടം ചോർന്ന് ഒലിക്കുകയും, വിവിധ റെക്കോഡുകൾ അടക്കം നനഞ്ഞ് കുതിർന്ന് നശിച്ചു പോകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഫണ്ടും, പൊതുജന പങ്കാളിത്തത്തോടും കൂടി വില്ലേജ് ഓഫീസ് നവീകരിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നത്. സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിൽ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമ്മാണവും, മുറ്റം ടൈൽ വിരിച്ചും, ചുറ്റുമതിലും, ഗേറ്റ് നിർമ്മാണവുമടക്കമുള്ള പ്രവർത്തികൾ പൂർത്തിയാക്കി.
സ്മാർട്ട് വില്ലേജ് ഓഫീസ് ആയി മാറുന്നതോടെ, പുതുതായി ഓഫീസ് സ്റ്റാഫ് കൗണ്ടർ, തണ്ടപ്പേർ റാക്ക്, പൊതുജനങ്ങൾക്ക് ഇരിക്കുവാനുള്ള സോഫാ സെറ്റി, ജീവനക്കാർക്ക് റിവോൾവിംഗ് ചെയർ, മോഡേൺ കർട്ടൻ വർക്കുകൾ, ജീവനക്കാർക്കുള്ള റീഫ്രഷ്മെന്റ് റൂം സൗകര്യം, ഭാവിയിൽ ആവശ്യമായി വരുന്ന ഫ്രണ്ട് ഓഫീസ് സംവിധാനം, കുടിവെള്ളാവശ്യാർത്തം വാട്ടർ പ്യൂരിഫെയർ, ഓഫീസിനു പുറത്ത് വെയിറ്റിംഗ് ഏരിയയിൽ ഇരിപ്പിട സൗകര്യം, കാർപ്പോർച്ച് ടൈലിങ്ങ്, പൊതുജനങ്ങൾക്കുള്ള ടോയിലറ്റ് സൗകര്യം, 2000 വാട്ട് ഇൻവെർട്ടർ സൗകര്യം, ശീതികരണ സംവിധാനത്തിന് സപ്പോർട്ട് ചെയ്യാവുന്ന ഇലക്ട്രിക്കൽ വയറിങ്ങ്, ഓഫീസിനുൾ വശം പെയിന്റിങ്ങ്, ഓഫീസർ റൂം സീലങ്ങ് & ലൈറ്റിങ്ങ്,ഒന്നാം നില വിബോർഡ് ഉപയോഗിച്ച് മറച്ച് സുരക്ഷിതമാക്കി റെക്കാർഡ് റൂം / കോൺഫറൻസ് റൂം, വില്ലേജ് ലിത്തോ മാപ്പ് ലാമിനേറ്റ് ചെയ്ത് സുരക്ഷിതമാക്കൽ, തണ്ടപ്പേർ ബൈന്റ് ചെയ്ത് ഭംഗിയാക്കൽ, പൊതുജനങ്ങൾക്ക് വിനോദാവശ്യാർത്തം ടെലിവിഷൻ സൗകര്യം അടക്കമുള്ള സൗകര്യങ്ങളാണ് സർക്കാരിന്റെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെ നവീകരിച്ച കോട്ടപ്പടി സ്മാർട്ട് വില്ലേജിൽ ലഭ്യമാകുന്നതെന്നും, ജനുവരി 12 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുന്നതോടെ നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും എംഎൽഎ അറിയിച്ചു.
You must be logged in to post a comment Login