കുട്ടമ്പുഴ: ആദിവാസി സമൂഹത്തെ മനുഷ്യരായി കാണാനുള്ള സുമനസ്സ് സർക്കാരിനുണ്ടാകണമെന്ന്
യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബ്ലാവന കടവിൽ പാലം നിർമിക്കുക, ആദിവാസി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
യുഡിഎഫ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ആദിവാസി ഊരുകളും കുടിയേറ്റ ഗ്രാമമായ കല്ലേലിമേടുമാണ് വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നത്. 285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങൾ ഇവിടെയുണ്ട്. പ്രദേശത്ത് ഒരിടത്തും വൈദ്യുതിയില്ല. എല്ലായിടത്തും വന്യമൃഗ ഭീഷണിയുണ്ട്. ബ്ലാവനയിലെ ചെറിയ ചങ്ങാടം കടന്നാണ് ഇവർ പുറം ലോകവുമായി ബന്ധപ്പെടുന്നത്. മഴ ശക്തമായാൽ പൂയംകുട്ടി പുഴയിൽ ഒഴുക്ക് വർധിക്കുന്നതോടെ ചങ്ങാട സർവീസ് നിലയ്ക്കും. ഇവിടെ പാലം വേണമെന്നാണ് ആവശ്യപ്പെട്ട് ആദിവാസി സമൂഹം രണ്ടു വർഷം മുൻപ് പാലത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആറു മാസത്തിനുള്ളിൽ പാലം നിർമിക്കാൻ നടപടി വേണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. മുൻ മന്ത്രി എം.എം.മണി മൂന്നു വർഷം മുൻപ് ഊരിലെത്തി മൂന്നു മാസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ഇവിടെ മണ്ണെണ്ണ വിളക്കാണ് വെളിച്ചത്തിന് ആശ്രയമെന്ന് നേതാക്കൾ പറഞ്ഞു. ഊരുകളിൽ നിന്നുള്ള നൂറുകണക്കിന് ആദിവസികൾ സമരത്തിൽ പങ്കെടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേബി മൂലയിൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കൈയ്യൻ,സി.ജെ.എൽദോസ്,ജെയിംസ് കോറമ്പേൽ,ഫ്രാൻസീസ് ചാലിൽ,മേരി കുര്യാക്കോസ്,സൽമ പരീത്,എം.ആർ.നടരാജൻ,
ജോഷി പൊട്ടക്കൽ,
അല്ലി കൊച്ചലങ്കാരൻ,
രാജപ്പൻ കാണി, ഊരുമൂപ്പൻ പൊന്നപ്പൻ,ജോർജ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.